തിരുവനന്തപുരം: കേരളത്തിൽ ആര് അധികാരം പിടിച്ചെടുക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവന്നു. മിക്ക സർവേകളും യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. ഒന്നിലധികം എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമാണ്. അതേസമയം ബിജെപിയും ഇത്തവണ കൂടുതൽ സീറ്റുകൾ നേടുമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു.
വിവിധ ഏജൻസികൾ പ്രവചിക്കുന്ന സീറ്റുകളുടെ എണ്ണം ഏകദേശം ഇങ്ങനെയാണ്: യുഡിഎഫിന് 70 മുതൽ 75 വരെ സീറ്റുകൾ ലഭിക്കുമെന്ന് മാട്രിസ് പ്രവചിക്കുന്നു. പീപ്പിൾസ് പൾസ് 75 മുതൽ 85 വരെയും, വോട്ട് നൗ 70 മുതൽ 80 വരെയും, ആക്സിസ് മൈ ഇന്ത്യ 78 മുതൽ 90 വരെയും ജെനിസിസ് സർവേ 72 മുതൽ 84 വരെയും സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നു. എൽഡിഎഫിന് ഭരണം നിലനിർത്താൻ കഴിയില്ലെന്നാണ് മിക്ക പ്രവചനങ്ങളും പറയുന്നത്. മാട്രിസ് സർവേ പ്രകാരം എൽഡിഎഫിന് 60 മുതൽ 65 വരെ സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പീപ്പിൾസ് പൾസ് 55 മുതൽ 65 വരെയും, വോട്ട് നൗ 58 മുതൽ 68 വരെയും സീറ്റുകൾ പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ 49 മുതൽ 62 വരെയും, ജെനിസിസ് 52 മുതൽ 61 വരെയും സീറ്റുകൾ എൽഡിഎഫിന് പ്രവചിക്കുന്നു.
ബിജെപി ഇത്തവണ മികച്ച മുന്നേറ്റം നടത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എൻഡിഎയ്ക്ക് മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ ലഭിക്കുമെന്ന് മാട്രിസ് സർവേ പറയുന്നു. പീപ്പിൾസ് പൾസ് പൂജ്യം മുതൽ മൂന്ന് വരെയും, വോട്ട് നൗ പൂജ്യം മുതൽ നാല് വരെയും, ആക്സിസ് മൈ ഇന്ത്യ പൂജ്യം മുതൽ മൂന്ന് വരെയും സീറ്റുകൾ എൻഡിഎയ്ക്ക് പ്രവചിക്കുന്നു. ജെനിസിസ് എക്സിറ്റ് പോൾ പ്രകാരം ബിജെപി സഖ്യം മൂന്ന് മുതൽ ഏഴ് വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നും വാർത്തകളുണ്ട്.