കാലിഫോർണിയ: ഓപ്പൺ എഐയ്ക്ക് എതിരായ നിയമപോരാട്ടം സിലിക്കൺ വാലിയെ പിടിച്ചുകുലുക്കുന്നു. ഇലോൺ മസ്കും ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാനും തമ്മിലുള്ള നിയമപോരാട്ടം ടെക് ലോകത്ത് വലിയ ചർച്ചയാകുന്നു. ഇത് കേവലം ഒരു നിയമപ്രശ്നം എന്നതിലുപരി, സിലിക്കൺ വാലിയുടെ പല രഹസ്യങ്ങളും വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും ഈ കോടതി വ്യവഹാരത്തിലൂടെ പുറത്തുവരുമെന്നാണ് സൂചനകൾ.
2015-ൽ ഓപ്പൺ എഐ രൂപീകരിക്കുമ്പോൾ, മനുഷ്യരാശിക്ക് ഉപകാരപ്പെടുന്ന രീതിയിൽ സാങ്കേതികവിദ്യ സൗജന്യമായി നൽകുമെന്നായിരുന്നു പ്രാരംഭകരാർ. എന്നാൽ ഇന്ന് 852 ബില്യൺ ഡോളർ മൂല്യമുള്ള വൻ ലാഭമുണ്ടാക്കുന്ന ഒരു കോർപ്പറേറ്റ് കമ്പനിയായി അവർ മാറിയെന്ന് ഇലോൺ മസ്ക് ആരോപിക്കുന്നു. സാം ആൾട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനും ചേർന്ന് തന്നെ ചതിച്ചുവെന്നാണ് മസ്കിന്റെ വാദം. ഈ കേസിൽ താൻ വിജയിച്ചാൽ ലഭിക്കുന്ന തുക പൂർണ്ണമായും ചാരിറ്റിക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക തർക്കങ്ങൾക്കപ്പുറം പ്രമുഖരുടെ വ്യക്തിപരമായ കാര്യങ്ങളും ഈ കേസിൽ നിറയുന്നുണ്ട്.
വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിൽ മസ്കിന്റെ കുട്ടികളുടെ അമ്മയും മുൻ ഓപ്പൺ എഐ ബോർഡ് അംഗവുമായ ഷിവോൺ സിലിസിന്റെ സാക്ഷിമൊഴി ഈ കേസിൽ നിർണ്ണായകമാകും. ഓപ്പൺ എഐയിലെ വിവരങ്ങൾ ചോർത്താൻ മസ്ക് ഇവരെ ഉപയോഗിച്ചിരുന്നോ എന്ന് ജഡ്ജി അന്വേഷിക്കുന്നുണ്ട്. ഓപ്പൺ എഐയിൽ നിന്ന് കുറച്ചുപേരെ ടെസ്ലയിലേക്ക് മാറ്റാൻ പോകുന്നുവെന്ന് കാണിച്ച് മസ്ക് സിലിസിന് അയച്ച മെസ്സേജുകൾ കോടതിയിൽ എത്തിക്കഴിഞ്ഞു. ആമസോൺ മേധാവി ജെഫ് ബെസോസിനെ മസ്ക് പരിഹസിച്ചതും, മൈക്രോസോഫ്റ്റുമായി സഹകരിക്കാൻ താല്പര്യമുണ്ടെന്ന് വ്യക്തമാക്കിയതുമായ ഇമെയിൽ സന്ദേശങ്ങൾ പുറത്തുവന്നു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ കോടതിയിൽ ഉയർന്നുവെങ്കിലും അത് ഒഴിവാക്കാൻ ജഡ്ജി നിർദ്ദേശിച്ചു. ഒരു കാലത്ത് ഇലോൺ മസ്കിനെ തന്റെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ചിരുന്ന സാം ആൾട്ട്മാൻ, മസ്ക് കമ്പനിയെ പരസ്യമായി ആക്രമിക്കുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നു എന്ന് കോടതിയിൽ പറഞ്ഞു. വരും ആഴ്ചകളിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഉൾപ്പെടെയുള്ള പ്രമുഖർ കോടതിയിൽ സാക്ഷികളായി എത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ ഭരിക്കുന്ന കരുത്തുറ്റ കമ്പനികളുടെ ഭാവി പ്രവർത്തനങ്ങളെ തന്നെ നിർണ്ണയിക്കുന്ന ഒന്നായിരിക്കും ഈ കേസിന്റെ വിധി. ഒപ്പം ടെക് ലോകത്തെ വമ്പന്മാർ തമ്മിലുള്ള അധികാര വടംവലിയുടെ നേർചിത്രം കൂടിയാണിത്.