സംസ്ഥാനം: കേരളത്തിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. സംസ്ഥാനത്ത് വേനൽ ചൂട് കടുത്തതോടെ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയിലും കണ്ണൂരിലും പാമ്പ് കടിയേറ്റ് രണ്ടുപേർ മരിച്ചു. തിരുവനന്തപുരത്ത് അഞ്ചുപേർക്കും എറണാകുളം ചെറായിൽ ഒരു വിനോദസഞ്ചാരിക്കും പാമ്പ് കടിയേറ്റു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ ആൻ്റി സ്നേക്ക് വെനം ലഭ്യമാക്കി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും ഡോക്ടർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ നാം സ്വീകരിക്കേണ്ട മുൻകരുതലുകളും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ താഴെ പറയുന്നവയാണ്. വീട്ടുപരിസരത്ത് പാമ്പുകൾക്ക് താവളമൊരുക്കുന്നത് മനുഷ്യരുടെ അശ്രദ്ധ കാരണമാണ്. അതിനാൽ പരിസരം വൃത്തിയായും മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തും, വീടുകളിലെ വിടവുകൾ അടച്ചും, രാത്രിയിൽ വെളിച്ചം ഉപയോഗിച്ചും, സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചും മുൻകരുതലെടുക്കുക.
കൂടാതെ രാത്രി തറയിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കുക. ഇത് വെള്ളിക്കെട്ടൻ പോലുള്ള പാമ്പുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കും. പാമ്പ് കടിയേറ്റാൽ ഭയപ്പെടാതിരിക്കുക, മുറിവിന് മുകളിൽ കെട്ടരുത്, മുറിവ് കീറരുത്, അശാസ്ത്രീയ ചികിത്സ പാടില്ല, മദ്യം/കഫീൻ/വേദനസംഹാരികൾ എന്നിവ നൽകരുത്, പാമ്പിനെ പിടിക്കാൻ ശ്രമിക്കരുത്. കടിയേറ്റ ഭാഗം അനക്കാതെ ഹൃദയത്തിൻ്റെ നിരപ്പിന് താഴെ വെക്കുക, ഇറുകിയ വസ്ത്രങ്ങൾ മാറ്റുക, പാമ്പിനെ തിരിച്ചറിയാൻ ശ്രമിക്കുക, ഉടൻ ആശുപത്രിയിൽ എത്തിക്കുക. വീട്ടുപരിസരത്ത് പാമ്പിനെ കണ്ടാൽ വനംവകുപ്പിനെയോ സർപ്പ വളണ്ടിയർമാരെയോ അറിയിക്കുക.