പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിവാദം തുടരുന്നു. പരിപാടിയുടെ ഇവന്റ് മാനേജ്മെന്റ് ചുമതലകൾ വഹിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ദേവസ്വം ബോർഡ് 55 ലക്ഷം രൂപ കൂടി അനുവദിച്ചു. എന്നാൽ ബാക്കി തുക സ്പോൺസർഷിപ്പ് ലഭിച്ച ശേഷം മാത്രമേ നൽകൂ എന്ന നിലപാടിലാണ് ദേവസ്വം ബോർഡ്.
സംഗമത്തിന്റെ നടത്തിപ്പിനായി ആകെ 7 കോടി രൂപ ചെലവായിട്ടുണ്ടെന്നും ഈ തുക മുഴുവൻ ലഭിക്കണമെന്നുമാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ വാദം. ഇതുവരെ 3.69 കോടി രൂപയാണ് ദേവസ്വം ബോർഡ് നൽകിയിട്ടുള്ളത്. ബാക്കി നിൽക്കുന്ന തുകയിൽ 1.06 കോടി രൂപ കൂടി മാത്രമേ നൽകാൻ കഴിയൂ എന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ഈ തുക അപര്യാപ്തമാണെന്നും മുഴുവൻ പണവും വേണമെന്നും സൊസൈറ്റി പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് ഇനത്തിൽ ദേവസ്വം ബോർഡിന് ആകെ ലഭിച്ചത് 3.85 കോടി രൂപ മാത്രമാണ്.
പരിപാടി സംഘടിപ്പിക്കുന്നതിനും പ്രതിനിധികൾക്കുള്ള താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഒരുക്കുന്നതിനും ഉൾപ്പെടെയുള്ള മുഴുവൻ ഇവന്റ് മാനേജ്മെന്റ് പ്രവർത്തനങ്ങൾക്കുമുള്ള ചുമതല കൊല്ലം ചവറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിനായിരുന്നു നൽകിയിരുന്നത്. സംഗമം നടന്നിട്ട് ഏഴ് മാസം പിന്നിടുമ്പോഴും സാമ്പത്തിക ഇടപാടുകളിലെ തർക്കം അവസാനിച്ചിട്ടില്ല.