വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത കേസിൽ കോൾ തോമസ് അലൻ (31) എന്നയാൾ അറസ്റ്റിലായി. കാലിഫോർണിയ സ്വദേശിയാണ് ഇയാൾ. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ അലനെ കീഴ്പ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ അനുസരിച്ച് മെക്കാനിക്കൽ എൻജിനീയർ, കംപ്യൂട്ടർ സയന്റിസ്റ്റ്, ഗെയിം ഡെവലപ്പർ, പാർട്ട് ടൈം അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അലൻ. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാൽടെക്കിൽ അധ്യാപകനായും മെക്കാനിക്കൽ എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ അണ്ടർഗ്രാജ്വേറ്റ് റിസർച്ച് ഫെലോഷിപ്പിൽ പങ്കെടുത്തു. ‘ബോർഡം’, ‘ഫസ്റ്റ് ലോ’ തുടങ്ങിയ ഗെയിമുകൾ വികസിപ്പിച്ചിട്ടുണ്ട്. 2014-ൽ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക സഹായം നൽകി.
തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയതിനും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കോൾ അലനെതിരെ കേസ് എടുക്കുമെന്ന് കൊളംബിയയിലെ യുഎസ് അറ്റോർണി ജീനെൻ പിരോ അറിയിച്ചു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.