ഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വിനിമയ നിരക്ക് 94.25ൽ എത്തി. രാജ്യാന്തര വിപണിയിൽ രൂപയുടെ വിനിമയ നിരക്കിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2022 സെപ്റ്റംബറിന് ശേഷം ഇന്ത്യൻ രൂപയ്ക്ക് ഇത്രയും വലിയൊരു നഷ്ടം നേരിടുന്ന ആഴ്ച ഇതാദ്യമാണ്. വ്യാപാര ആഴ്ചയിലെ അഞ്ച് ദിവസവും നഷ്ടം തുടർന്നതോടെ സാമ്പത്തിക വിപണിയിൽ ആശങ്ക നിലനിൽക്കുന്നു.
ഈ ആഴ്ചയിൽ മാത്രം 1.4 ശതമാനത്തിന്റെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്. ഡോളറിനെതിരെ 94.25 എന്ന നിലവാരത്തിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്. ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും വിനിമയ വിപണിയിൽ രൂപയ്ക്ക് സമ്മർദ്ദമുണ്ടാക്കുകയും ചെയ്യുന്നു.
കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്നു. ഓഹരികൾ വിറ്റഴിച്ച് ഡോളറായി നിക്ഷേപം പിൻവലിക്കുന്നത് ഡോളറിന് കരുത്തേകുകയും രൂപയെ ദുർബലമാക്കുകയും ചെയ്യുന്നു.