വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് അത്താഴവിരുന്നിൽ വെടിവെപ്പ്. സംഭവത്തിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്ത്. വലിയ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെയാണ് ഇത്തരം വധശ്രമങ്ങൾ ഉണ്ടാകാറുള്ളതെന്നും സുരക്ഷാ ചുമതലയുണ്ടായിരുന്ന സീക്രട്ട് സർവീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന്റെ ബാൾറൂമിന് പുറത്താണ് വെടിവെപ്പ് നടന്നത്.
കാലിഫോർണിയയിൽ നിന്നുള്ള 31-കാരനായ കോൾ തോമസ് അലനാണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അത്താഴ വിരുന്ന് നടന്ന ഹാളിൽ നിന്നും ഏകദേശം 45 മീറ്റർ അകലെ നിന്നാണ് ഇയാൾ വെടിയുതിർത്തത്. തോക്കുധാരിയായ അക്രമി സുരക്ഷാ പരിശോധനകൾ മറികടന്ന് എങ്ങനെ ഹോട്ടലിൽ പ്രവേശിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അമേരിക്കൻ സീക്രട്ട് സർവീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ട്രംപ് ആവർത്തിച്ചു.
വെടിവെപ്പ് ഉണ്ടായ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രഥമ വനിതയും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെയുള്ളവർ പൂർണ്ണ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. അക്രമിയെ തടയുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയ കോൾ തോമസ് അലൻ നിലവിൽ എഫ്.ബി.ഐയുടെ കസ്റ്റഡിയിലാണ്. ഇയാൾ ഹിൽട്ടൺ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഈ മുറി പോലീസ് സീൽ ചെയ്യുകയും പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അക്രമിക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നും പോലീസ് മേധാവി വ്യക്തമാക്കി.