ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിലേക്ക് പോയത് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയായി. ഈ സാഹചര്യത്തിൽ പ്രതിസന്ധി നിയന്ത്രിക്കാൻ പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ നേരിട്ട് രംഗത്തിറങ്ങുന്നു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനെ ഈ കൂറുമാറ്റം പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് എഎപി.
കൂടുതൽ കൊഴിഞ്ഞുപോക്കുകൾ തടയുന്നതിനായി അരവിന്ദ് കെജ്രിവാൾ പാർട്ടി എംഎൽഎമാരുമായും പ്രവർത്തകരുമായും നേരിട്ട് ചർച്ച നടത്തും. സന്ദീപ് പഥക് ഉൾപ്പെടെയുള്ള നേതാക്കളുടെ കൂറുമാറ്റം പാർട്ടി വിശദമായി പരിശോധിക്കും. പഞ്ചാബിൽ ബിജെപി നടത്തുന്ന നീക്കങ്ങൾക്ക് തടയിടുകയാണ് ആം ആദ്മി പാർട്ടിയുടെ പ്രധാന ലക്ഷ്യം. പാർലമെന്റിൽ ആം ആദ്മി പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് എഎപി അടുത്തിടെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഉൾപ്പെടെയുള്ള പ്രമുഖർ ബിജെപിയിൽ എത്തിയത്.
കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രാജ്യസഭാ ചെയർമാന് കത്ത് നൽകി. ഈ ഏഴ് പേരും പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പ്രതികരിച്ചു. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പലരുമാണ് ബിജെപിയിലേക്ക് കൂറുമാറിയിരിക്കുന്നത്. അതേസമയം കൂറുമാറ്റം ഭയന്ന് ഗുജറാത്തിൽ പാർട്ടി മുൻകരുതൽ സ്വീകരിച്ചു. സൂറത്തിലെ മുനിസിപ്പൽ കോർപ്പറേഷനിൽ മത്സരിക്കുന്ന 111 എഎപി സ്ഥാനാർത്ഥികളിൽ നിന്ന് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങി. വിജയിച്ചുകഴിഞ്ഞാൽ പാർട്ടി വിടില്ലെന്ന് ഉറപ്പാക്കാനാണിത്. ഏപ്രിൽ 28-നാണ് സൂറത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.