കേരളം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് മാത്രം സംസ്ഥാനത്ത് എട്ടുപേർക്ക് സൂര്യാഘാതമേറ്റു. പൊതുജനങ്ങൾ കർശന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
മൂന്നാറിൽ യുവി ഇൻഡക്സ് നിരക്ക് എട്ടിലെത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. യുവി ഇൻഡക്സ് ഒൻപതിലെത്തിയാൽ റെഡ് അലർട്ട് നൽകേണ്ട സാഹചര്യമാണുള്ളത്. അതിനാൽ നേരിട്ട് വെയിലേൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുറത്തിറങ്ങുമ്പോൾ തലയും ശരീരവും പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ നിർദേശമുണ്ട്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കൊല്ലം കുന്നിക്കോട് കൃഷിയിടത്തിൽ വയോധികൻ മരിച്ചത് സൂര്യാഘാതമേറ്റാണെന്ന് സംശയിക്കുന്നു. മരിച്ചയാളുടെ ഇരുകൈകളിലും പൊള്ളലേറ്റ പാടുകളുണ്ട്. കോഴിക്കോട് ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്കും പൊള്ളലേറ്റിട്ടുണ്ട്. പകൽ സമയത്ത് (പ്രത്യേകിച്ച് 11 AM മുതൽ 3 PM വരെ) അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർദേശിച്ചു. എല്ലാ പൊതുഇടങ്ങളിലും കുടിവെള്ളം ഉറപ്പാക്കാനും, സൂര്യാഘാതമുണ്ടായാൽ പ്രഥമ ശുശ്രൂഷ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.