ലണ്ടൻ: ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ ലിയാം റോസ്നിയറിനെ പുറത്താക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കമുള്ള പ്രധാന ടൂർണമെന്റുകളിലെ മോശം പ്രകടനത്തെ തുടർന്നാണ് നടപടി. ജനുവരിയിൽ ടീമിനൊപ്പം ചേർന്ന റോസ്നിയർക്ക് മൂന്ന് മാസം മാത്രമേ ക്ലബ്ബിൽ തുടരാനായുള്ളൂ.
മുൻ കോച്ച് എൻസോ മരേസ്കയ്ക്ക് പകരക്കാരനായി ഈ വർഷം ജനുവരിയിലാണ് ലിയാം റോസ്നിയർ ചെൽസിയുടെ പരിശീലകനായി ചുമതലയേറ്റത്. 2032 വരെ നീളുന്ന ദീർഘകാല കരാറിലായിരുന്നു നിയമനം. എന്നാൽ ക്ലബ്ബിന്റെയും ആരാധകരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മൂന്ന് മാസം ടീമിനെ പരിശീലിപ്പിച്ച റോസ്നിയർക്ക് കീഴിൽ ചെൽസി 23 മത്സരങ്ങൾ കളിച്ചു. ഇതിൽ 11 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 10 മത്സരങ്ങളിൽ തോൽക്കുകയും 2 എണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു. ഈ മോശം പ്രകടനമാണ് പുറത്താക്കലിലേക്ക് നയിച്ചത്.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് ചെൽസി. 34 മത്സരങ്ങളിൽ നിന്ന് 48 പോയിന്റ് മാത്രമാണ് ടീമിന് നേടാനായത്. യുവേഫ ചാമ്പ്യൻസ് ലീഗിലും സ്ഥിതി മെച്ചപ്പെട്ടതല്ല. മുഖ്യ പരിശീലകനെ പുറത്താക്കിയതോടെ സഹപരിശീലകനായ കാലം മക്ഫാർലിനാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. പുതിയ കോച്ചിനായുള്ള അന്വേഷണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.