തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഇപ്പോഴത്തെ ഭരണത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രിയും മുൻ മേയറുമായ വി. ശിവൻകുട്ടി. നഗരത്തിൽ മാലിന്യപ്രശ്നവും തെരുവുനായ ശല്യവും അതിരൂക്ഷമാണെന്നും, മുൻപ് കെട്ടിപ്പടുത്ത സംവിധാനങ്ങളെല്ലാം ഇന്ന് തുരുമ്പെടുക്കുകയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെയാണ് മന്ത്രിയുടെ വിമർശനം.
നഗരത്തിലെ തെരുവുകളിലൂടെ ഒന്നു നടന്നുനോക്കാൻ മന്ത്രി ആവശ്യപ്പെട്ടു. മാലിന്യക്കൂമ്പാരങ്ങൾക്കിടയിലൂടെ മൂക്കും വായും പൊത്തി നടക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. മാലിന്യ സംസ്കരണം എന്നത് ഇന്ന് കേവലം ഫോട്ടോ എടുക്കാനും റീൽസ് ചെയ്യാനുമുള്ള പരിപാടിയായി മാറി. പലയിടങ്ങളിലും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ താളംതെറ്റിയ അവസ്ഥയിലാണ്. കുടിവെള്ള പ്രശ്നങ്ങളിൽ വാട്ടർ അതോറിറ്റിയെ പഴിചാരി നഗരസഭയ്ക്ക് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യപ്രശ്നങ്ങൾക്ക് പുറമെ നഗരവാസികളെ അലട്ടുന്ന മറ്റ് പ്രധാന വിഷയങ്ങളും വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കാൽനടയാത്രക്കാർക്കും കുട്ടികൾക്കും പേടികൂടാതെ വഴിനടക്കാൻ കഴിയാത്ത വിധം തെരുവുനായ ശല്യം രൂക്ഷമാണ്. പാമ്പ് ശല്യവും വർദ്ധിച്ചു. കോർപ്പറേഷൻ മനുഷ്യൻ്റെ ജീവൻ വെച്ച് കളിക്കുകയാണ്. രാത്രിയായാൽ നഗരത്തിൽ പലയിടത്തും വെളിച്ചമില്ലാത്ത അവസ്ഥയാണ്. പരിഹാരം കാണേണ്ടവർ പല ഗ്രൂപ്പുകളിലായി കുരുങ്ങിക്കിടക്കുകയാണ്. നിയമം അനുശാസിക്കുന്ന പ്രാഥമിക കടമകൾ പോലും ചെയ്യാൻ കഴിയാത്തവർ എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്ന് ജനങ്ങൾ സംശയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരഭരണം എന്നത് തികച്ചും അലംഭാവത്തിന്റെ പര്യായമായി മാറിയിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.