മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് വഴിയാണ് തുക നൽകുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.
തൃശ്ശൂർ മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ അപകടം വലിയ ദുരന്തമായി മാറിയിരുന്നു. ഈ സാഹചര്യത്തിൽ ദുരിതത്തിലായവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സുരേഷ് ഗോപി മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റായ ‘ലക്ഷ്മി സുരേഷ് ഗോപി എം.പിസ് ഇനിഷ്യേറ്റീവ് ട്രസ്റ്റ്’ വഴിയാണ് ധനസഹായം നൽകുന്നത്. ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി രാധിക സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്.
അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ കരുതുന്ന തൃശൂരിൽ, അതിനു വേണ്ടി ജീവിതം സമർപ്പിച്ചവർക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചത് വേദനാജനകമാണെന്ന് അദ്ദേഹം കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഈ സഹായം ഉപകാരപ്രദമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.