തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചു എന്നാരോപിച്ച് നൽകിയ പരാതിയിലാണ് നടപടി. ക്രിമിനൽ കേസ് എടുക്കാൻ കഴിയില്ലെന്ന് മ്യൂസിയം പൊലീസ് കോടതിയെ അറിയിച്ചു.
ഇതൊരു തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കേസ് ആയതിനാൽ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജൻ നൽകിയ ഹർജിയിൽ കോടതി ആവശ്യപ്പെട്ടത് പ്രകാരമാണ് മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയത്. മന്ത്രി മുഹമ്മദ് റിയാസ് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യ വീണ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ വിവരങ്ങൾ കാണിച്ചിട്ടില്ല എന്നതാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രാഥമിക വാദം കേട്ട കോടതി മെയ് 6-ന് അന്തിമ വിധി പറയും. സി.എം.ആർ.എൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ഈ കേസ് രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.