ഹോർമുസ്: ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം. രണ്ട് ചരക്കുകപ്പലുകൾ കൂടി ഇറാൻ പിടിച്ചെടുത്തു. ഇറാൻ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രണ്ട് കണ്ടെയ്നർ കപ്പലുകൾ കൂടി പിടിച്ചെടുത്തതായി സ്ഥിരീകരിച്ചു.
എംഎസ്സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ് എന്നീ രണ്ട് കണ്ടെയ്നർ കപ്പലുകളാണ് ഐആർജിസി പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയത്. എംഎസ്സി ഫ്രാൻസെസ്ക പാനമയുടെ പതാക വഹിക്കുന്ന കപ്പലാണ്. ലൈബീരിയൻ പതാകയുള്ള ഗ്രീക്ക് കമ്പനിയുടെ കപ്പലാണ് എപാമിനോണ്ടാസ്. ആക്രമണത്തിൽ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ, മേഖലയിലുള്ള മൂന്നാമതൊരു കപ്പലിന് നേരെയും ആക്രമണം നടന്നതായി വിവരമുണ്ട്. ഈ കപ്പലിനോട് ഉടൻ നങ്കൂരമിടാൻ ഐആർജിസി നിർദേശം നൽകി.
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമായത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ പുതിയ സംഭവവികാസങ്ങൾ ആഗോള വാണിജ്യ മേഖലയിൽ ആശങ്കയുണ്ടാക്കുന്നു.