തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് നാളെ നിർണായക തീരുമാനമുണ്ടാകും. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി എത്താത്തത് അദ്ദേഹം ചികിത്സയിലായതിനാലാണെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. പൂരം പൂർത്തിയാകാതെ താൻ തൃശ്ശൂരിൽ നിന്ന് മടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുണ്ടത്തിക്കോട് സ്ഫോടന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. അപകടത്തിന്റെ വ്യാപ്തിയും തുടർനടപടികളും യോഗത്തിൽ ചർച്ചയാകും. തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാകും. നാളെ രാവിലെ 10.30ന് ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും ഉൾപ്പെടുന്ന പ്രത്യേക യോഗം നടക്കും. ഈ യോഗത്തിന് ശേഷമായിരിക്കും പൂരം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുക. സർക്കാർ ഏകപക്ഷീയമായി ഒരു തീരുമാനവും എടുക്കില്ലെന്നും, ദേവസ്വങ്ങളുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും മന്ത്രി വാസവൻ വ്യക്തമാക്കി.
അപകടത്തിൽ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തു. പ്രദേശത്ത് അവശേഷിക്കുന്ന പൊട്ടാത്ത വെടിക്കോപ്പുകൾ നിർവീര്യമാക്കുന്ന നടപടികൾ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. തൃശൂർ നഗരത്തിൽ നിന്ന് 18 കിലോമീറ്ററും ഗവ. മെഡിക്കൽ കോളേജിൽ നിന്ന് 5 കിലോമീറ്ററും അകലെയാണ് അപകടം നടന്ന സ്ഥലം.