ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി നരേന്ദ്ര മോദി. അധിക്ഷേപം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിനേക്കാൾ ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് സമൂഹം ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജന്തർ മന്തറിലെ സംഭവത്തിൽ രാജ്യവും ലോകവും തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അപമാനകരമായ ഭാഷ ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടതായി മോദി പറഞ്ഞു. ഇത്തരം പെരുമാറ്റത്തിനെതിരെ സമൂഹത്തിൽ ഉയർന്നു വന്ന പ്രതിഷേധം സ്വാഭാവികമാണെങ്കിലും, ബാല്യവും യുവത്വവും തെറ്റുകൾ സംഭവിക്കാവുന്ന കാലഘട്ടമാണെന്നും അവ തിരുത്താനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഴിതെറ്റിയ യുവാക്കളെ കോടതികളിൽ വലിച്ചിഴയ്ക്കുകയോ സാമൂഹികമായി ഒറ്റപ്പെടുത്തുകയോ ചെയ്യാതെ, അവരെ ചേർത്തുപിടിച്ച് ശരിയായ പാതയിലേക്ക് നയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അവരോട് താൻ വ്യക്തിപരമായി ക്ഷമിക്കുന്നുവെന്നും സമൂഹവും അതേ മനോഭാവം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാജ്യം അതിവേഗം പുരോഗമിക്കുകയാണെന്നും ഓരോ യുവാവും ജീവിതത്തിൽ ഉന്നതിയിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ ശരിയായ വഴിയിലേക്ക് നയിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട്, ‘അപമാനങ്ങൾ ഒരിക്കലും പരിഹാരമല്ല, ഭാരതത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം’ എന്ന സന്ദേശവും അദ്ദേഹം നൽകി.