സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങളിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ പദ്ധതിയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇന്റഫാന്റിനോയ്ക്ക് വൻ തിരിച്ചടി. ഇന്റഫാന്റിനോയുടെ മുതിർന്ന ഉപദേഷ്ടാവായ കാർലോസ് കോർഡെയ്റോ പ്രതിഷേധ സൂചകമായി സ്ഥാനമൊഴിഞ്ഞു. ഫുട്ബോളിന്റെ ഭാവിക്ക് ദോഷകരമായ കരാറാണ് ഇതെന്നും പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളർ മൂല്യമുള്ള ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന പുതിയ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്റെ 20 ശതമാനം ഓഹരി സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് 4.2 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു നിക്ഷേപ സ്ഥാപനവുമായി ഇതിനായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഫിഫയ്ക്ക് നിലവിൽ മികച്ച സാമ്പത്തിക ഭദ്രതയുണ്ടെന്നും പുതിയ പദ്ധതി സാമ്പത്തിക ലാഭത്തിന് മാത്രമായി ചുരുങ്ങുമെന്നും കോർഡെയ്റോ വിമർശിച്ചു.
ഫിഫയിലെ 211 അംഗരാജ്യങ്ങളും ഈ നിർദേശം സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2021 മുതൽ ഉപദേഷ്ടാവായിരുന്ന കോർഡെയ്റോയുടെ രാജി സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. നേരത്തെ തന്നെ യുവേഫയും കോൺകാകാഫും പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 19-നകം അംഗരാജ്യങ്ങൾ നിലപാട് അറിയിക്കണമെന്നിരിക്കെ, ഈ രാജി ഇന്റഫാന്റിനോയ്ക്ക് വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്.