ന്യൂഡൽഹി: രാജ്യത്തെ സ്വർണ ആവശ്യകതയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട്. ഏപ്രിൽ-ജൂൺ പാദത്തിൽ സ്വർണ ആവശ്യകത 6 ശതമാനം കുറഞ്ഞ് 131.4 ടണ്ണായി ചുരുങ്ങി. ഉയർന്ന കസ്റ്റംസ് തീരുവ, വിപണിയിലെ സീസണലായുള്ള വിൽപ്പന കുറവ്, സാമ്പത്തിക നയങ്ങളോടുള്ള പ്രതികരണം എന്നിവയാണ് ആവശ്യകത കുറയാൻ കാരണമായത്. സ്വർണത്തിന്റെ വിലയിലുണ്ടായ വർധന കാരണം ഉപഭോഗത്തിന്റെ ആകെ മൂല്യം 50 ശതമാനം ഉയർന്ന് റെക്കോർഡ് തുകയായ 1,98,100 കോടി രൂപയിലെത്തി.
അത്യാവശ്യമല്ലാത്ത സ്വർണ വാങ്ങലുകൾ കുറയ്ക്കാനും വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനുമുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം വിപണിയെ കാര്യമായി സ്വാധീനിച്ചു. ഇതിന്റെ ഫലമായി രാജ്യത്തെ മൊത്തം സ്വർണ ഇറക്കുമതി 23 ശതമാനം കുറഞ്ഞ് 98.1 ടണ്ണായി താഴ്ന്നു. അതേസമയം, ഇറക്കുമതി നിയന്ത്രണങ്ങൾ കർശനമാകുമ്പോൾ കള്ളക്കടത്തും ഗ്രേ മാർക്കറ്റിംഗും വർധിക്കാൻ സാധ്യതയുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു.
വിപണിയിലെ മാറ്റങ്ങൾക്കിടയിലും നിക്ഷേപ മേഖലയിൽ സ്വർണത്തിനുള്ള പ്രിയം വർധിക്കുകയാണ്. അവലോകന പാദത്തിൽ ആഭരണ ആവശ്യകത 15 ശതമാനം ഇടിഞ്ഞപ്പോൾ, നിക്ഷേപ ആവശ്യങ്ങൾക്കായി ബാറുകളും നാണയങ്ങളും വാങ്ങുന്നതിൽ 9 ശതമാനത്തിന്റെ വർധനയുണ്ടായി. ആഗോളതലത്തിൽ നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടപ്പോഴും ഇന്ത്യൻ ഗോൾഡ് ഇടിഎഫുകൾ (ETF) 4.2 ടൺ അറ്റ നിക്ഷേപം ആകർഷിച്ചത് സ്വർണം സുരക്ഷിത നിക്ഷേപമാണെന്ന വിശ്വാസം കൂടുതൽ ശക്തമാക്കുന്നു. ഈ വർഷം രാജ്യത്തെ സ്വർണ ആവശ്യം 650 മുതൽ 750 ടൺ വരെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണുകൾ വിപണിയിൽ ഉണർവേകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.