കൊച്ചി: എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ ഗാർഹിക ഇലക്ട്രോണിക്സ് വിപണിയിൽ തരംഗമായിരുന്ന ഒനിഡ, നഷ്ടപ്പെട്ട വിപണി വിഹിതവും പ്രതാപവും വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ആഗോള ബ്രാൻഡുകൾ ആധിപത്യം പുലർത്തുന്ന വിപണിയിൽ, തങ്ങളുടെ ഐക്കണിക് ഭാഗ്യചിഹ്നമായ ‘ദി ഡെവിളിനെ’ പുതിയ ശൈലിയിൽ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായൊരു തിരിച്ചുവരവിനാണ് കമ്പനി തയാറെടുക്കുന്നത്. അടുത്ത 12 മുതൽ 24 മാസത്തിനുള്ളിൽ ലാഭക്ഷമത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കൃത്യമായ തന്ത്രങ്ങളാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്.
കരാർ നിർമ്മാണ രീതി പൂർണ്ണമായും ഉപേക്ഷിച്ച്, സ്വന്തമായി ബ്രാൻഡ് ചെയ്ത ഉൽപ്പന്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഒനിഡയുടെ തീരുമാനം. 2026 സാമ്പത്തിക വർഷത്തിൽ 660 കോടി രൂപ വരുമാനവും 74 കോടി രൂപ നഷ്ടവും രേഖപ്പെടുത്തിയ സാഹചര്യത്തിൽ, വിതരണ ശൃംഖലയിലും റീട്ടെയിൽ, വിൽപനാനന്തര സേവനങ്ങളിലും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി ലക്ഷ്യമിടുന്നു. ഇതിലൂടെ വരും അഞ്ച് വർഷത്തിനുള്ളിൽ വാർഷിക വിറ്റുവരവ് അഞ്ച് മടങ്ങായി വർദ്ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള വിതരണ ശൃംഖല വിപുലീകരിക്കാനും ഒനിഡ തീരുമാനിച്ചു. നിലവിലുള്ള 4,000 സ്റ്റോറുകളിൽ നിന്ന് 8,000 സ്റ്റോറുകളായി വിതരണ ശൃംഖല ഉയർത്തുന്നതിനൊപ്പം, ഫ്രാഞ്ചൈസി മാതൃകയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കും. മെട്രോ നഗരങ്ങൾക്ക് പുറമെ ടയർ-2, ടയർ-3 നഗരങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനാണ് കമ്പനിയുടെ മുൻഗണന. ടെലിവിഷനുകൾ, എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയ്ക്കൊപ്പം സ്മാർട്ട്-ഹോം ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി, വിൽപനാനന്തര സേവനങ്ങളും സ്പെയർ പാർട്സുകളുടെ ലഭ്യതയും ഉറപ്പാക്കി ഉപഭോക്തൃ വിശ്വാസം വീണ്ടെടുക്കാനും ശ്രമിക്കുന്നു.