ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സുരക്ഷ, ഊർജ ലഭ്യത, വളവിതരണം, വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമം എന്നിവ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാബിനറ്റ് കമ്മിറ്റി പ്രത്യേക യോഗം ചേർന്നു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സമയബന്ധിതമായി സ്വീകരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പ്രധാനമന്ത്രി കർശന നിർദേശം നൽകി. സാഹചര്യം തുടർച്ചയായി നിരീക്ഷിക്കുന്നതിനും തീരുമാനങ്ങൾ അതിവേഗം കൈക്കൊള്ളുന്നതിനും ഏകോപിത സംവിധാനമൊരുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കാബിനറ്റ് സെക്രട്ടറി വിശദീകരിച്ചു. എൽപിജി, എൽഎൻജി, അസംസ്കൃത എണ്ണ എന്നിവയുടെ രാജ്യത്തെ സംഭരണശേഷി തൃപ്തികരമാണെന്നും ഊർജ ഇറക്കുമതി ഉറപ്പാക്കിയതിലൂടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ ആശങ്ക വേണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കേന്ദ്ര പൊതുമേഖലാ റിഫൈനറികൾ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ പെട്രോൾ, ഡീസൽ വിതരണം തടസ്സമില്ലാതെ തുടരുമെന്നും ഉറപ്പുനൽകി. കൂടാതെ, റാബി സീസണിലേക്കുള്ള വളം ലഭ്യതയും യോഗം അവലോകനം ചെയ്തു. കർഷകർക്ക് വളം തടസ്സമില്ലാതെ ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നിർദേശം നൽകി.
സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി. അവർക്കും കുടുംബങ്ങൾക്കും അടിയന്തര സഹായം, കൃത്യമായ വിവരങ്ങൾ, കൗൺസിലിങ് സേവനങ്ങൾ എന്നിവ ലഭ്യമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിദേശത്തുള്ള മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ ദീർഘകാല ഊർജ സുരക്ഷയ്ക്കായി സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്കുള്ള ആശ്രയം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ തന്ത്രപരവും സാമ്പത്തികവുമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ മന്ത്രാലയങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.