ന്യൂഡൽഹി: ലോകത്ത് മറ്റാർക്കും ഇല്ലാത്ത അത്യാധുനിക മിസൈൽ ഈ വർഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് പ്രമുഖ മിസൈൽ ശാസ്ത്രജ്ഞൻ. ഡിആർഡിഒയുടെ മിസൈൽ ആൻഡ് സ്ട്രാറ്റജിക് സിസ്റ്റംസ് വിഭാഗത്തെ നയിച്ചിരുന്ന രാജാബാബുവാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ മിസൈലിന്റെ പേര്, ദൂരപരിധി, വേഗത, വിക്ഷേപണ പ്ലാറ്റ്ഫോം തുടങ്ങിയ നിർണായക വിവരങ്ങൾ അദ്ദേഹം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പുതിയ മിസൈലിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതോടെ പ്രതിരോധരംഗത്തെ വിദഗ്ധർക്കിടയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന യുദ്ധസാഹചര്യങ്ങൾക്ക് അനുയോജ്യമായ നൂതന സാങ്കേതികവിദ്യകളോടുകൂടിയ മിസൈലായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. ജിപിഎസ് ജാമിങ്, വ്യാജ സിഗ്നലുകൾ, മൊബൈൽ റഡാറുകൾ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ സഞ്ചാരമധ്യേ ലക്ഷ്യസ്ഥാനം തിരുത്താനുള്ള ശേഷി ഈ മിസൈലിനുണ്ടാകും. ഉപഗ്രഹങ്ങൾ, ഡ്രോണുകൾ, വിവിധ സെൻസറുകൾ എന്നിവയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ഉപയോഗിച്ച് യഥാർഥ ലക്ഷ്യം സ്വയം കണ്ടെത്തി ആക്രമിക്കാൻ ഈ പുതിയ തലമുറ മിസൈലിന് സാധിക്കും.
ഈ വർഷം ഇന്ത്യ അവതരിപ്പിക്കാനിടയുള്ളത് ദീർഘദൂര ആന്റി-ഷിപ്പ് മിസൈൽ (Long Range Anti-Ship Missile) ആയിരിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ നിഗമനം. മാക് 10 വേഗതയും ഏകദേശം 1,500 കിലോമീറ്റർ റേഞ്ചുമുള്ള ഈ ഹൈപ്പർസോണിക് മിസൈലിന്റെ രണ്ടാംഘട്ട പരീക്ഷണം 2026 മെയ് മാസത്തിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതിവേഗം, ദിശമാറ്റാനുള്ള കഴിവ്, ജാമിങ്ങിനെ അതിജീവിക്കുന്ന മാർഗനിർദേശ സംവിധാനം എന്നിവ സജ്ജമായ ഈ മിസൈൽ ഇന്ത്യയുടെ സമുദ്ര പ്രതിരോധശേഷിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടാകും.