കൊച്ചി: മലബാറിന്റെ സമഗ്ര വികസനത്തിനും ദേശീയ സുരക്ഷയ്ക്കുമായി മലബാറിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). മലപ്പുറം ജില്ല വിഭജിക്കുന്നത് കൊണ്ട് മാത്രം മലബാറിന്റെ വികസന പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും, അതിലും വലിയ ശാശ്വത പരിഹാരമാണ് ഇത്തരമൊരു നടപടിയെന്നും വിഎച്ച്പി ജനറൽ സെക്രട്ടറി അനിൽ വിളയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി പ്രത്യേക കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്നാണ് വിഎച്ച്പിയുടെ നിർദേശം. ഇത്തരമൊരു സാഹചര്യം സംജാതമായാൽ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ശ്രദ്ധ മേഖലയ്ക്ക് ലഭിക്കുമെന്നും, അതുവഴി അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും സംഘടന വിലയിരുത്തുന്നു. ജനസംഖ്യാ വർധനവ് പരിഗണിച്ചല്ല, മറിച്ച് വികസനം മാത്രം ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാന ബജറ്റിൽ മലപ്പുറം ജില്ല വിഭജിക്കുന്നത് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഎച്ച്പിയുടെ നിലപാട് പുറത്തുവന്നത്. കരിപ്പൂർ വിമാനത്താവള വികസനം, എലിവേറ്റഡ് ഹൈവേ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഉൾപ്പെടെയുള്ള പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചിരുന്നു. മലപ്പുറം വിഭജന ചർച്ചകൾ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ സജീവമാകുന്നതിനിടെയുള്ള വിഎച്ച്പിയുടെ ഈ ആവശ്യം പുതിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.