കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സതീശൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും, എന്നാൽ എൻഎസ്എസ് വിചാരിച്ചാൽ പല കാര്യങ്ങളും സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ താൻ പോകില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ പരാമർശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രിയെ കാണാൻ രണ്ട് തവണ അനുമതി തേടിയിട്ടും അദ്ദേഹം സമയം നൽകിയില്ലെന്ന് സുകുമാരൻ നായർ ആരോപിച്ചു. താൻ ഇനി അദ്ദേഹത്തെ കാണാൻ അനുമതി തേടുകയോ അദ്ദേഹത്തിന്റെ കാലുപിടിക്കാൻ പോകുകയോ ഇല്ലെന്നും അദ്ദേഹം എൻഎസ്എസ് പ്രതിനിധി സഭയിൽ വ്യക്തമാക്കി. ഒരിക്കൽ പെരുന്നയിലെത്തി തന്നെ കാണാൻ കാത്തുനിന്ന വ്യക്തിയാണ് പിന്നീട് നിലപാട് മാറ്റി സാമുദായിക നേതാക്കളെ അവഗണിക്കുന്ന തരത്തിൽ സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്തായ സംഭവത്തിലും സുകുമാരൻ നായർ വിശദീകരണം നൽകി. കാലാവധി അവസാനിച്ചതിനാലാണ് ഗണേഷ് കുമാറിനെ വീണ്ടും ബോർഡിലേക്ക് പരിഗണിക്കാതിരുന്നത്; അല്ലാതെ അദ്ദേഹത്തെ പുറത്താക്കിയതല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സംഘടനയിലെ സ്ഥാനമാറ്റങ്ങൾ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും, ഇക്കാര്യത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.