തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ സർക്കാർ സ്വീകരിച്ച നടപടികൾ സംസ്ഥാനത്തെ നിയമക്കുരുക്കിലേക്ക് തള്ളിവിട്ടതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുന്നതിനും അടിയന്തര തീരുമാനങ്ങൾ എടുക്കുന്നതിനുമായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി. സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളാണ്.
മുൻ സർക്കാർ കേന്ദ്രവുമായി പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പിടുകയും ആദ്യഗഡു തുക കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ കരാർ മരവിപ്പിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരാർ ഒപ്പിട്ട് ഫണ്ട് കൈപ്പറ്റിയ സാഹചര്യത്തിൽ, പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാനം നിയമപരമായി ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ സൂചിപ്പിച്ചു.
മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടന്നു. മുൻ സർക്കാർ വരുത്തിവെച്ച ബാധ്യതയിൽ നിന്ന് സംസ്ഥാനത്തെ എങ്ങനെ ഒഴിവാക്കാമെന്നതും കരാർ വ്യവസ്ഥകളിൽ പരമാവധി ഇളവുകൾ നേടിയെടുക്കാമെന്നതുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉപസമിതി വിഷയം വിശദമായി പഠിച്ച ശേഷം കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തും. സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി സംബന്ധിച്ച തുടർനടപടികൾ. വിഷയത്തിൽ മുൻ സർക്കാരിന്റെ കെടുകാര്യസ്ഥത ഉയർത്തിക്കാട്ടി വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്കും വടംവലിക്കും സാധ്യതയുണ്ട്.