ലഖ്നൗ: വരാനിരിക്കുന്ന മുഹറം, അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങൾ സമാധാനപരമായി സംഘടിപ്പിക്കുന്നതിനായി കർശന നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് കൈമാറിയത്. സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
മുഹറം ആഘോഷങ്ങൾ പരിധിവിട്ട് ക്രമസമാധാന നില വഷളാകുന്നത് തടയാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഹറം പ്രമാണിച്ച് നടത്തുന്ന ആഘോഷങ്ങളിലോ ഘോഷയാത്രകളിലോ യാതൊരു കാരണവശാലും ആയുധങ്ങൾ പ്രദർശിപ്പിക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. കൂടാതെ, ഉയർന്ന ശബ്ദത്തിലുള്ള ഡിജെ സംഗീത സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഘോഷയാത്രകളിൽ ഉപയോഗിക്കുന്ന തസിയകളുടെ (Tazia) ഉയരം നിശ്ചിത പരിധിയിൽ കവിയരുതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, ജൂൺ 21-ലെ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ 57,000-ത്തോളം ഗ്രാമപഞ്ചായത്തുകളിലും 762 നഗര കേന്ദ്രങ്ങളിലും യോഗാദിന പരിപാടികൾ നടക്കും. ഇതിന്റെ ഭാഗമായി ജൂൺ 20-ന് പ്രത്യേക ശുചീകരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പാർക്കുകൾ എന്നിവിടങ്ങളിലും യോഗാദിനാചരണം വിപുലമായി നടക്കും. ആഘോഷങ്ങൾ സൗഹാർദ്ദപരമായും സുരക്ഷിതമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസ് ഭരണകൂടങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.