ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കനത്ത വിമർശനം. കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ ചിത്രീകരിച്ച വീഡിയോയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായ പൊതുപ്രവർത്തകൻ തന്നെ ഇത്തരം നിയമലംഘനം നടത്തിയത് ഗൗരവമായാണ് സോഷ്യൽ മീഡിയ നിരീക്ഷകർ കാണുന്നത്.
കഴിഞ്ഞയാഴ്ച ക്ഷേത്ര സന്ദർശനം നടത്തിയ ശേഷം മടങ്ങവെ വിജയ് തന്നെയാണ് കാറോടിച്ചത്. കാറിനുള്ളിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത നിലയിലുള്ള ദൃശ്യങ്ങൾ ആരാധകർ തന്നെയാണ് ‘സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതിനുപുറമെ, വാഹനത്തിനുള്ളിൽ പ്ലാസ്റ്റിക് ടംബ്ലർ ഉപയോഗിച്ചത് പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്നും വിമർശനമുയരുന്നുണ്ട്. വീഡിയോ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചതോടെ ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചർച്ചകൾ സാമൂഹിക ഇടങ്ങളിൽ സജീവമായി.
വിവാദം ശക്തമായതോടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ പാർട്ടി നേതൃത്വം അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതായാണ് വിവരം. വീഡിയോ പങ്കുവെച്ച അണികൾക്ക് അത് നീക്കം ചെയ്യാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, പ്രതിപക്ഷ പാർട്ടികളും വിമർശകരും പോസ്റ്റ് ചെയ്ത വീഡിയോകൾ പകർപ്പവകാശ നിയമം ഉന്നയിച്ച് നീക്കം ചെയ്യാൻ സ്വകാര്യ പരസ്യ ഏജൻസികളെ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. മുഖ്യമന്ത്രി പദവി ലക്ഷ്യം വെക്കുന്ന ഒരാൾ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയത് ചോദ്യം ചെയ്യുന്നതിനെ ഭയക്കുന്നതെന്തിനെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.