ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്യുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദത്തിന് വഴിയൊരുക്കുന്നു. കർണാടകയിൽ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. നിയമലംഘനം ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതോടെ, വീഡിയോ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് പരമാവധി നീക്കം ചെയ്യാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പാർട്ടിയും അനുഭാവികളും.
കഴിഞ്ഞയാഴ്ച കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങുന്നതിനിടെ വിജയ് തന്നെയാണ് വാഹനം ഓടിച്ചത്. ഈ സമയം കാറിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ ‘ദളപതിയുടെ സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ ആരാധകർ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. എന്നാൽ, വാഹനമോടിക്കുമ്പോൾ വിജയ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്ന കാര്യം വലിയ നിയമലംഘനമായി ഉയർത്തിക്കാട്ടപ്പെടുകയായിരുന്നു. കൂടാതെ, കാറിനുള്ളിൽ വിജയ്യുടെ സീറ്റിന് സമീപം പ്ലാസ്റ്റിക് ടംബ്ലർ കണ്ടതും പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്നാരോപിച്ച് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.
സംഭവം വിവാദമായതോടെ, ഈ വീഡിയോ പങ്കുവെച്ചവർ അക്കൗണ്ടുകളിൽ നിന്ന് അവ നീക്കം ചെയ്യാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. ഇതിനുപുറമെ, വീഡിയോ പോസ്റ്റ് ചെയ്ത പ്രതിപക്ഷ കക്ഷികളുടെയും വിമർശകരുടെയും അക്കൗണ്ടുകൾക്കെതിരെ പകർപ്പവകാശ നിയമം ഉപയോഗിച്ച് പരാതി നൽകുന്നതായും ആരോപണമുണ്ട്. ഒരു സ്വകാര്യ പരസ്യ ഏജൻസി വഴി സോഷ്യൽ മീഡിയ കമ്പനികൾക്ക് പരാതി നൽകി പോസ്റ്റുകൾ നീക്കം ചെയ്യിക്കാനാണ് നീക്കം. മുഖ്യമന്ത്രി പദവി ലക്ഷ്യം വെക്കുന്ന ഒരാൾ പരസ്യമായി ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് ചോദ്യം ചെയ്തതിനെ ഭയക്കുന്നതെന്തിനാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി പ്രതിപക്ഷ നേതാക്കൾ കാത്തിരിക്കുകയാണ്.