വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ യുഎസ്-ഇറാൻ സൈനിക തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒമാനും ഇറാനും സംയുക്തമായി തയ്യാറാക്കിയ സമാധാന ഉടമ്പടിയുടെ കരട് രേഖ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണ്ണമായും തള്ളിക്കളഞ്ഞു. വാഷിംഗ്ടണിൽ നടന്ന കാബിനറ്റ് യോഗത്തിൽ, ദീർഘകാല സഖ്യകക്ഷിയായ ഒമാനെതിരെ ഉൾപ്പെടെ രൂക്ഷമായ ഭാഷയിൽ ട്രംപ് പ്രതികരിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇതോടെ മേഖലയിലെ സമാധാന ചർച്ചകൾ പരാജയത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഒമാനും ഇറാനും സംയുക്തമായി ട്രാഫിക് നിയന്ത്രിക്കുക എന്നതായിരുന്നു പുറത്തുവന്ന കരാർ വ്യവസ്ഥ. ഇതിന് പകരമായി ഇറാനിയൻ തുറമുഖങ്ങൾക്കു മേലുള്ള ഉപരോധം അമേരിക്ക പിൻവലിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ വിസമ്മതിച്ച ട്രംപ്, ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ജലാശയമാണെന്നും ആരും അതിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി. ഒമാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പരസ്യമായി ഭീഷണിപ്പെടുത്തി. പതിറ്റാണ്ടുകളായി മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായ ഒമാനെതിരെ ഇത്രയും കടുത്ത ഭാഷ ഉപയോഗിച്ചത് ആഗോള വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.
ട്രംപിന്റെ ഭീഷണിയെ ‘ഭയപ്പെടുത്തൽ തന്ത്രം’ എന്ന് വിശേഷിപ്പിച്ച് ഇറാൻ രംഗത്തെത്തി. അമേരിക്കയുടേത് ഇരട്ടത്താപ്പാണെന്നും സമാധാന ചർച്ചകളുടെ മറവിൽ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വിമർശിച്ചു. ഏപ്രിൽ ആദ്യം നിലവിൽ വന്ന താല്കാലിക വെടിനിർത്തലിലൂടെ യുദ്ധഭീതി ഒഴിയുമെന്ന് കരുതിയിരുന്ന ആഗോള വിപണിക്ക് പുതിയ സംഭവവികാസങ്ങൾ വലിയ തിരിച്ചടിയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടാൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും, അത് ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയും ശക്തമാണ്.