ആതൻസ്: ഹോർമുസ് കടലിടുക്കിൽ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്ത് കപ്പൽക്കമ്പനികളിൽ നിന്ന് ക്രിപ്റ്റോകറൻസി തട്ടിയെടുക്കുന്ന വൻ തട്ടിപ്പ് പുറത്ത്. ഇറാൻ അധികൃതർ എന്ന വ്യാജേന സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. ഗ്രീക്ക് മാരിടൈം റിസ്ക് മാനേജ്മെൻ്റ് സ്ഥാപനമായ ‘മാരിസ്ക്സ്’ ആണ് ഈ വിവരം പുറത്തുവിട്ടത്.
ഷിപ്പിംഗ് കമ്പനികൾക്ക് ഇറാൻ അധികൃതരുടേത് എന്ന പേരിൽ ചുങ്കം ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ക്രിപ്റ്റോകറൻസി വഴി പണം നൽകിയാൽ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇത് വിശ്വസിച്ച് നിരവധി കമ്പനികൾ പണം കൈമാറി. എന്നാൽ പണം നൽകിയ ഒട്ടേറെ കമ്പനികളുടെ കപ്പലുകൾ സുരക്ഷിത യാത്ര ലഭിക്കാതെ ഹോർമുസ് ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് മാരിസ്ക്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ പണപ്പിരിവിന് യഥാർത്ഥ ഇറാൻ അധികൃതരുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണങ്ങൾക്ക് പുറമെ യുഎസ്സിന്റെ നാവിക ഉപരോധവും നിലനിൽക്കുന്നുണ്ട്. ഈ യുദ്ധ സാഹചര്യങ്ങൾ മൂലം നിരവധി ചരക്കുകപ്പലുകളാണ് ഈ മേഖലയിൽ യാത്ര തുടരാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇത് ആഗോള ഷിപ്പിംഗ് മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും, ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകളിൽ കപ്പൽക്കമ്പനികൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.