മുംബൈ: മുംബൈ ഇന്ത്യൻസിൽ കടുത്ത പ്രതിസന്ധി തുടരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിനൊപ്പം റായ്പൂരിലേക്ക് യാത്ര ചെയ്യാത്തത് അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു. പരിക്കിനെ തുടർന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ പാണ്ഡ്യ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ അടുത്ത മത്സരത്തിലും കളിക്കാനിറങ്ങുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മുംബൈ വിമാനത്താവളത്തിൽ എത്തിയ താരങ്ങളുടെ കൂട്ടത്തിൽ പാണ്ഡ്യ ഇല്ലാതിരുന്നത് ആരാധകർക്കിടയിലും ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ്.
ലഖ്നൗവിനെതിരെ ഹാർദിക് ഇല്ലാതെ കളിച്ചിട്ടും മുംബൈ വിജയം നേടിയിരുന്നു. എന്നാൽ പാണ്ഡ്യയുടെ പരിക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ടീം അംഗങ്ങൾക്കും വ്യക്തതയില്ല. പാണ്ഡ്യ എപ്പോഴാണ് തിരിച്ചെത്തുക എന്ന് അറിയില്ലെന്നും അദ്ദേഹത്തിന് നടുവേദനയുണ്ടെന്ന വിവരം മാത്രമാണ് ലഭിച്ചതെന്നും മുംബൈ താരം റയാൻ റിക്കിൾസ്റ്റൺ പറഞ്ഞു. ഈ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ച ക്യാപ്റ്റൻ്റെ പ്രകടനം നിരാശാജനകമാണ്. 136.45 സ്ട്രൈക്ക് റേറ്റിൽ 146 റൺസ് മാത്രമാണ് പാണ്ഡ്യയുടെ സമ്പാദ്യം. ബൗളിംഗിലും താരത്തിന് മികവ് പുലർത്താനായിട്ടില്ല.
തുടർച്ചയായ തോൽവികളും ക്യാപ്റ്റൻ്റെ മോശം ഫോമും ടീമിലെ മുതിർന്ന താരങ്ങളെ അസ്വസ്ഥരാക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സൂര്യകുമാർ യാദവും രോഹിത് ശർമയും ഉണ്ടായിട്ടും ഹാർദിക്കിനെ ക്യാപ്റ്റനായി കൊണ്ടുവന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമുള്ള മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. മുംബൈയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിജയ ശതമാനമുള്ള ക്യാപ്റ്റൻ എന്ന റെക്കോർഡും ഇപ്പോൾ ഹാർദിക് പാണ്ഡ്യയുടെ പേരിലാണ് (40.54%). ആർ സി ബിക്കെതിരായ മത്സരത്തിൽ പാണ്ഡ്യ കളിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.