ലോകം:
ഹാൻ്റ വൈറസ് അഥവാ ഹാൻ്റാവൈറസ് (Hantavirus) ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഒരു ഡച്ച് ക്രൂയിസ് കപ്പലായ എം വി ഹോണ്ടിയസിൽ ഈ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് ഇതിന് കാരണം. കപ്പലിലെ 149 ജീവനക്കാരിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ ഹാൻ്റ വൈറസിനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
പ്രധാനമായും എലികളിലൂടെയാണ് ഹാൻ്റ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. എലികളുടെ മൂത്രം, കാഷ്ഠം എന്നിവയിൽ വൈറസ് സാന്നിധ്യമുണ്ടാകാം. ഇത് ഉണങ്ങി പൊടിപടലങ്ങളായി മാറുമ്പോൾ ശ്വസിക്കുന്നതിലൂടെ വൈറസ് ശരീരത്തിൽ പ്രവേശിക്കാം. എലികളുടെ വിസർജ്യം കലർന്ന പ്രതലങ്ങളിൽ സ്പർശിച്ച ശേഷം കൈകൾ കൊണ്ട് മൂക്കിലോ വായിലോ തൊടുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഹാൻ്റ വൈറസ് ബാധിച്ചാൽ ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ഈ വൈറസ് പ്രധാനമായും വൃക്കകളെയോ ശ്വാസകോശത്തെയോ ആണ് ബാധിക്കുന്നത്. കടുത്ത പനി, വിറയൽ, പേശിവേദന, തലവേദന, ക്ഷീണം, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ ശ്വാസകോശത്തിൽ വെള്ളം കെട്ടുകയും ശ്വാസതടസ്സം, ചുമ, രക്തസമ്മർദ്ദം കുറയുക, വൃക്കകളുടെ പ്രവർത്തനം തകരാറിലാവുക തുടങ്ങിയ ലക്ഷണങ്ങളും കാണാം. നിലവിൽ ഈ വൈറസിനെതിരെ വാക്സിനുകൾ ലഭ്യമല്ല. രോഗം വരാതെ സൂക്ഷിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം. എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്കും കയ്യുറയും ധരിക്കുക, അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ല വായുസഞ്ചാരം ഉറപ്പാക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.