വാണിജ്യം: സ്വര്‍ണ വിപണിയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാമിന് ഏകദേശം 300 രൂപയുടെ കുറവുണ്ടായപ്പോള്‍ വെള്ളി വിലയില്‍ 3,000 രൂപയിലധികം തകര്‍ച്ചയുണ്ടായി. നിക്ഷേപകര്‍ കാത്തിരുന്ന ട്രംപ്-ഷി ജിന്‍പിങ് കൂടിക്കാഴ്ചയും അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ഇന്ന് രാവിലെ ഒന്‍പത് മണിക്ക് മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലാണ്. ജൂണ്‍ മാസത്തെ സ്വര്‍ണ കരാറുകള്‍ 0.18 ശതമാനം ഇടിഞ്ഞ് പത്ത് ഗ്രാമിന് 1,61,888 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. വെള്ളി വില മൂവായിരം രൂപയിലധികം താഴ്ന്നത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് ആഭരണ വിപണിയെയും ഡിമാന്‍ഡിനെയും ബാധിക്കുമോ എന്ന ആശങ്കയും വിപണിയിലുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വിലയിടിവിന് പ്രധാന കാരണം. വ്യാപാര ബന്ധങ്ങളിലെ അനിശ്ചിതത്വം മാറും വരെ നിക്ഷേപകര്‍ കരുതലോടെ നീങ്ങുകയാണ്. അമേരിക്കയിലെ പ്രൊഡ്യൂസര്‍ ഇന്‍ഫ്ലേഷന്‍ 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ല എന്ന സൂചനയും സ്വര്‍ണത്തിന്റെ തിളക്കം കുറച്ചു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് ഏകദേശം 15 ശതമാനത്തിലേക്ക് ഉയര്‍ത്തിയത് ഫോറെക്സ് കരുതല്‍ ശേഖരം നിലനിര്‍ത്താനാണ്. ഇത് ആഭരണ വിപണിയെ തളര്‍ത്താന്‍ സാധ്യതയുണ്ടെന്നും ഇറക്കുമതി തീരുവ കൂടിയതോടെ അനധികൃത സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ഫിസിക്കല്‍ സ്വര്‍ണത്തിന് പകരമായി സ്റ്റോക്ക് മാര്‍ക്കറ്റ് വഴി ഡിജിറ്റലായി സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന ഇലക്ട്രോണിക് ഗോള്‍ഡ് റെസീപ്റ്റുകള്‍ നിക്ഷേപകര്‍ക്ക് പുതിയ സാധ്യത നല്കുന്നു. സുതാര്യമായ വിലയും എപ്പോള്‍ വേണമെങ്കിലും ഫിസിക്കല്‍ ഗോള്‍ഡ് ആയി മാറ്റാം എന്ന സൗകര്യവും ഇലക്ട്രോണിക് ഗോള്‍ഡ് റെസീപ്റ്റുകളെ ആകര്‍ഷകമാക്കുന്നു. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും പണപ്പെരുപ്പവുമാണ് നിലവില്‍ സ്വര്‍ണവിലയെ നിയന്ത്രിക്കുന്നത്. വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന യുഎസ് റീട്ടെയില്‍ സെയില്‍സ് ഡാറ്റ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.