ഡൽഹി: രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വില ലക്ഷങ്ങള്‍ കടക്കുന്നതിലേക്ക് അടുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതാണ് ഇതിന് കാരണം. വിദേശ നാണ്യശേഖരത്തിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. 6 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ഒറ്റയടിക്ക് 15 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. ഇതില്‍ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും, 5 ശതമാനം അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സുമാണ്.
തീരുവ കൂട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ സ്വര്‍ണവില 6 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. ജൂണ്‍ മാസത്തെ ഫ്യൂച്ചേഴ്സ് കോണ്ട്രാക്റ്റില് 10 ഗ്രാം സ്വര്‍ണത്തിന് 1.62 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്കാണ് വില ഉയർന്നത്. ഏകദേശം 9,206 രൂപയുടെ വർധനവാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. വെള്ളിയുടെ വിലയും ഉയർന്നു. എംസിഎക്സിൽ വെള്ളി വില 6 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 2.95 ലക്ഷം രൂപ പിന്നിട്ടു. ഉടൻ തന്നെ വെള്ളി വില 3 ലക്ഷം രൂപയിലെത്തും എന്നാണ് സൂചന.
വ്യാപാര കമ്മി കുറയ്ക്കാനും, ക്രൂഡ് ഓയില്‍ വിലക്കയറ്റത്തില്‍ തളരുന്ന ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്താനും സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ആഗോള വിപണിയിൽ അമേരിക്ക-ഇറാൻ സംഘർഷവും, അമേരിക്കയിലെ പണപ്പെരുപ്പവും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണത്തിന് വലിയ ഡിമാൻഡ് നൽകുന്നു. ഇറക്കുമതി തീരുവ വർധനവ് ആഭ്യന്തര വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വരും ദിവസങ്ങളിൽ സ്വർണ്ണവില 1.68 ലക്ഷം മുതൽ 1.70 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ മാറ്റങ്ങൾ നിക്ഷേപകർക്കും സാധാരണക്കാർക്കും സ്വർണ്ണം അത്ര എളുപ്പത്തിൽ പ്രാപ്യമല്ലാത്ത ഒന്നായി മാറ്റും.