മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പായി പുതിയ പ്രഖ്യാപനം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. സമാധാന കരാറുകൾ അന്തിമമാക്കുന്ന ഘട്ടത്തിൽ മാത്രമായിരിക്കും ഈ നിർണായക കൂടിക്കാഴ്ച നടക്കുകയെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി ഒരു അന്തിമ കരാറിൽ എത്തിയതിന് ശേഷം മാത്രമേ നേതാക്കൾ തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച സാധ്യമാകൂ എന്ന് റഷ്യൻ വക്താവ് വ്യക്തമാക്കി. കൂടിക്കാഴ്ച ഫലപ്രദമാകണം എന്നതാണ് പ്രധാന കാര്യം എന്ന് ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു. നേരത്തെ റഷ്യയും ബെലാറസും ഒഴികെയുള്ള ഏത് നിഷ്പക്ഷ വേദിയിലും വെച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലൻസ്കി വ്യക്തമാക്കിയിരുന്നു. താഴെത്തട്ടിലുള്ള ചർച്ചകൾക്ക് ശേഷം ഉരുത്തിരിയുന്ന ഫലം ഔദ്യോഗികമായി അംഗീകരിക്കുന്നതിന് വേണ്ടി മാത്രമേ പുടിൻ നേരിട്ടെത്തുകയുള്ളൂ എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാകുന്നതിനിടെയാണ് റഷ്യയുടെ ഈ പ്രതികരണം. അതേസമയം ഇരുപക്ഷവും തമ്മിലുള്ള ഏതൊരു സമാധാന ചർച്ചയിലും യുക്രെയ്നിന്റെ പരമാധികാരവും ഭൂപ്രദേശപരമായ അഖണ്ഡതയും പൂർണ്ണമായി മാനിക്കപ്പെടണമെന്ന കർശന നിലപാടിലാണ് യുക്രെയ്ൻ.