ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. കർണാടകയിൽ വെച്ച് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിയമലംഘനം ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നതോടെ, വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് പാർട്ടിയും അനുഭാവികളും.
കഴിഞ്ഞയാഴ്ച കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിജയ് സ്വയം കാറോടിച്ചത്. ഈ സമയം കൂടെയുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ ‘ദളപതിയുടെ സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ ആരാധകർ തന്നെയാണ് ആദ്യം പ്രചരിപ്പിച്ചത്. എന്നാൽ വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്ന് വ്യാപക വിമർശനം ഉയർന്നു. കൂടാതെ, കാറിനുള്ളിൽ പ്ലാസ്റ്റിക് ടംബ്ലർ ഉപയോഗിച്ചതും പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിഷയം ചർച്ചയായതോടെ, ഈ വീഡിയോ പങ്കുവെക്കരുതെന്ന് അണികൾക്ക് പാർട്ടി നേതൃത്വം കർശന നിർദേശം നൽകിയതായാണ് വിവരം. ഇതിനുപിന്നാലെ, വീഡിയോയുടെ പകർപ്പവകാശം ഉന്നയിച്ച് സ്വകാര്യ പരസ്യ ഏജൻസികൾ വഴി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പരാതി നൽകി വീഡിയോ നീക്കം ചെയ്യിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികളും വിമർശകരും പങ്കുവെച്ച ദൃശ്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നുവെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്ന ഒരാൾ നിയമലംഘനം നടത്തിയിട്ട് അത് ചോദ്യം ചെയ്യുന്നവരെ ഭയക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി കാറിനുള്ളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയവരെക്കുറിച്ചും പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.