ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിക്കുന്ന തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്-യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. കർണാടകയിൽ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വീഡിയോ നിയമവിരുദ്ധമാണെന്നാരോപിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്നതോടെ, ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പാർട്ടി പ്രവർത്തകരും അനുഭാവികളും.
കഴിഞ്ഞയാഴ്ച കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. വിജയ് തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഈ സമയം കാറിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ ‘ദളപതിയുടെ സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ ആരാധകർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. എന്നാൽ, യാത്രയിലുടനീളം വിജയ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നത് വലിയ നിയമലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, കാറിനുള്ളിലെ പ്ലാസ്റ്റിക് ടംബ്ലറിന്റെ സാന്നിധ്യം പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്ന രീതിയിലും വിമർശനങ്ങൾ ഉയരുന്നുണ്ട്.
വിവാദം ശക്തമായതോടെ വീഡിയോ പങ്കുവെച്ചവർ അത് നീക്കം ചെയ്യണമെന്ന് നേതൃത്വം നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമെ, ഈ വീഡിയോ ഉപയോഗിച്ച് വിജയ്-ക്കെതിരെ വിമർശനമുന്നയിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകൾക്കെതിരെ പകർപ്പവകാശ (Copyright) ലംഘനം ഉന്നയിച്ച് പരാതി നൽകുന്നതായും ആരോപണമുണ്ട്. ഒരു സ്വകാര്യ പരസ്യ ഏജൻസി വഴി സോഷ്യൽ മീഡിയ കമ്പനികളിൽ സമ്മർദ്ദം ചെലുത്തി പോസ്റ്റുകൾ നീക്കം ചെയ്യിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. മുഖ്യമന്ത്രി പദവി ലക്ഷ്യമിടുന്ന ഒരാൾ പരസ്യമായി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ചോദ്യം ചെയ്തതിനെ ഭയക്കുന്നത് എന്തിനാണെന്നും, ദൃശ്യങ്ങളിൽ അത്രയധികം ഒളിച്ചുവെക്കാൻ എന്താണുള്ളതെന്നും പ്രതിപക്ഷം ചോദിക്കുന്നു.