ചെന്നൈ: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറോടിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. കർണാടകയിൽ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. താരം നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞയാഴ്ച കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് വിജയ് വാഹനം ഓടിച്ചത്. ഈ സമയം കാറിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ ‘സ്റ്റൈലിഷ് ഡ്രൈവിംഗ്’ എന്ന പേരിൽ ആരാധകർ തന്നെയാണ് പ്രചരിപ്പിച്ചത്. എന്നാൽ, വാഹനമോടിക്കുമ്പോൾ താരം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും, കാറിനുള്ളിൽ പ്ലാസ്റ്റിക് ടംബ്ലർ ഉപയോഗിച്ചത് പരിസ്ഥിതി സൗഹൃദ നിലപാടുകൾക്ക് വിരുദ്ധമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
നിയമലംഘനം വിവാദമായതോടെ, ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ പാർട്ടി നേതൃത്വം അണിയറയിൽ ശ്രമം നടത്തുന്നതായാണ് വിവരം. ഇതിനായി സ്വകാര്യ പരസ്യ ഏജൻസികളെ ഉപയോഗിച്ച് പകർപ്പവകാശ നിയമപ്രകാരം പരാതി നൽകി പ്രതിപക്ഷ കക്ഷികളുടെയും വിമർശകരുടെയും അക്കൗണ്ടുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യിക്കുന്നതായി ആരോപണമുണ്ട്. മുഖ്യമന്ത്രി പദവി ലക്ഷ്യം വെക്കുന്ന ഒരാൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ചോദ്യം ചെയ്തപ്പോൾ അതിനെ ഭയക്കുന്നത് എന്തിനാണെന്ന് ചോദിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.