അന്താരാഷ്ട്രം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന നൊബേൽ പുരസ്കാര നോമിനികളുടെ പട്ടികയിൽ ഇടംപിടിച്ചതായി റിപ്പോർട്ട്. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ട്രംപ് നടത്തിയ നിർണായക ഇടപെടലുകളാണ് ഈ നാമനിർദേശത്തിന് പിന്നിൽ.
കമ്പോഡിയ, ഇസ്രായേൽ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിനായി നാമനിർദേശം ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. താൻ നിരവധി യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും സമാധാന നൊബേലിന് അർഹനാണെന്നും ട്രംപ് മുൻപ് അവകാശപ്പെട്ടിട്ടുണ്ട്. നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് മുന്നിൽ ഇതുവരെ 287 നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്.
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഒക്ടോബർ 9-ന് പ്രഖ്യാപിക്കും. നൊബേൽ കമ്മിറ്റിയുടെ നിയമപ്രകാരം നോമിനേഷൻ ലഭിച്ചവരുടെ വിവരങ്ങൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കുന്നു. ആഗോളതലത്തിൽ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ നൊബേൽ പുരസ്കാര നിർണയം നിർണായകമാണെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്വികെൻ വ്യക്തമാക്കി.