ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥികൾക്ക് നിർണായക നിർദേശവുമായി പാർട്ടി അധ്യക്ഷൻ വിജയ്. വോട്ടെണ്ണലിന് ശേഷം സ്ഥാനാർത്ഥികൾ മറ്റെവിടേക്കും പോകാതെ നേരെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്നാണ് നിർദേശം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സ്ഥാനാർത്ഥികളുടെ യോഗത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിജയ് യോഗം വിളിച്ചുചേർത്തത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് മാത്രമായിരുന്നു യോഗത്തിൽ പങ്കെടുക്കാൻ അനുമതി. വോട്ടെടുപ്പിന് ശേഷമുള്ള അവലോകനവും വോട്ടെണ്ണൽ ദിവസത്തേക്കുള്ള ഒരുക്കങ്ങളുമായിരുന്നു പ്രധാന ചർച്ചാവിഷയം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നല്ല ശ്രദ്ധ വേണമെന്നും ഫലം അറിഞ്ഞയുടൻ വേറെ എവിടേക്കും പോകാതെ പനയൂരിലെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നും വിജയ് കർശനമായി നിർദേശിച്ചു.
വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും പാർട്ടി വലിയ പ്രാധാന്യം നൽകുന്നില്ല. 150-ൽ അധികം സീറ്റുകൾ നേടി ഒറ്റയ്ക്ക് ഭൂരിപക്ഷത്തോടെ ടിവികെ സർക്കാർ രൂപീകരിക്കുമെന്ന് ഈറോഡ് വെസ്റ്റ് നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി ആനന്ദ് മോഹൻ വ്യക്തമാക്കി. ടിവികെയുമായി ചർച്ച നടത്താൻ എഐഎഡിഎംകെയും തയ്യാറെടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് ഒരു നിർണായക ശക്തിയായി മാറിയേക്കും.