കേരളം: വേനൽ ചൂടിൽ അമീബിക് മസ്തിഷ്ക ജ്വരം ഭീഷണിയാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. വേനൽക്കാലത്ത് ജലസ്രോതസ്സുകളിൽ കാണപ്പെടുന്ന അമീബകൾ വഴി ഉണ്ടാകുന്ന രോഗത്തിനെതിരെ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം വർധിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
രോഗം പടരുന്നത് തടയാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കരുത്. കെട്ടിക്കിടക്കുന്നതോ ശുദ്ധമല്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. കിണറുകൾ, വാട്ടർ ടാങ്കുകൾ, നീന്തൽക്കുളങ്ങൾ എന്നിവ കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളിലെ വെള്ളത്തിൻ്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കണം.
മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം. അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടുതൽ വ്യാപകമാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും രോഗലക്ഷണങ്ങൾ അവഗണിക്കാതെ ശ്രദ്ധിക്കുകയും വേണം.