വാഷിംങ്ടൺ: ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഹോട്ടൽ ബുക്കിംഗുകൾ പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടൂർണമെന്റിലൂടെ രാജ്യം ലക്ഷ്യമിട്ടിരുന്ന വൻ സാമ്പത്തിക-ടൂറിസം മുന്നേറ്റം ഉണ്ടായേക്കില്ലെന്ന ആശങ്ക പങ്കുവെച്ച് അമേരിക്കൻ ഹോട്ടൽ & ലോഡ്ജിംഗ് അസോസിയേഷൻ (AHLA) പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളോടൊപ്പം ചേർന്ന് അമേരിക്കയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകളും 104 മത്സരങ്ങളുമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോകകപ്പിനാണ് കളമൊരുങ്ങുന്നത്.
ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിലെ 80 ശതമാനത്തോളം ഹോട്ടലുകളിലും ബുക്കിംഗ് നിരക്ക് പ്രാരംഭ കണക്കുകൂട്ടലുകളേക്കാൾ വളരെ പിന്നിലാണെന്ന് എഎച്ച്എൽഎ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് പ്രധാന തിരിച്ചടി. വിസ ലഭിക്കുന്നതിലെ തടസ്സങ്ങൾ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, ഉയർന്ന യാത്രാച്ചെലവ്, ടിക്കറ്റ് നിരക്കുകൾ എന്നിവ വിദേശ ആരാധകരെ പിന്നോട്ട് വലിച്ചു. നിലവിൽ പ്രാദേശിക സഞ്ചാരികളാണ് ഭൂരിഭാഗം റൂമുകളും ബുക്ക് ചെയ്തിരിക്കുന്നത്. 65 മുതൽ 70 ശതമാനം വരെ ഹോട്ടൽ ഉടമകളും അന്താരാഷ്ട്ര യാത്രാ തടസ്സങ്ങൾ ബുക്കിംഗിനെ കാര്യമായി ബാധിച്ചതായി സാക്ഷ്യപ്പെടുത്തുന്നു.
ഹോട്ടൽ മുറികൾ കൂട്ടത്തോടെ മുൻകൂട്ടി ബുക്ക് ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്തതിലൂടെ ഫിഫ വിപണിയിൽ ഒരു ‘കൃത്രിമ ഡിമാൻഡ്’ സൃഷ്ടിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് എഎച്ച്എൽഎ കുറ്റപ്പെടുത്തുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഫിഫ വലിയ തോതിൽ മുറികൾ റിസർവ് ചെയ്തതോടെ, വലിയ ഡിമാൻഡ് പ്രതീക്ഷിച്ച ഹോട്ടലുകൾ വാടക കുത്തനെ കൂട്ടി. എന്നാൽ, ഫിഫ പിന്നീട് ഈ മുറികൾ കൂട്ടത്തോടെ റദ്ദാക്കി വിപണിയിലേക്ക് തിരികെ നൽകിയതോടെ ഡിമാൻഡ് ഇടിയുകയായിരുന്നു. ബോസ്റ്റൺ, ഡാളസ്, ലോസ് ആഞ്ചലസ്, ഫിലാഡൽഫിയ, സീറ്റിൽ തുടങ്ങിയ നഗരങ്ങളിൽ ഫിഫ റിസർവ് ചെയ്തിരുന്ന മുറികളുടെ 70 ശതമാനം വരെ റദ്ദാക്കപ്പെട്ടു. 17.2 ബില്യൺ ഡോളറിന്റെ സാമ്പത്തിക നേട്ടം പ്രവചിച്ചിരുന്ന ടൂർണമെന്റിൽ, വരും ദിവസങ്ങളിൽ ആരാധകർ യാത്രാ പദ്ധതികൾ അന്തിമമാക്കുന്നതോടെ ബുക്കിംഗുകളിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ മേഖല.