കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റേഷൻ വിതരണത്തിലെ വെട്ടിപ്പുകളും വ്യാജ ഗുണഭോക്താക്കളെയും കണ്ടെത്താൻ സർക്കാർ നടപടി ശക്തമാക്കുന്നു. വോട്ടർപട്ടിക ശുദ്ധീകരിച്ച് 90 ലക്ഷം വ്യാജ വോട്ടർമാരെ ഒഴിവാക്കിയതിന് പിന്നാലെ റേഷൻ വിഹിതം തട്ടിയെടുക്കുന്നവരെ കണ്ടെത്താൻ സൂക്ഷ്മ പരിശോധന ആരംഭിക്കുന്നു. ജൂൺ ഒന്നു മുതൽ സംസ്ഥാനത്ത് പുതിയ ‘അന്നപൂർണ്ണ യോജന’ പദ്ധതി നിലവിൽ വരും. ഇതിന് മുന്നോടിയായി റേഷൻ ഡാറ്റാബേസ് പൂർണ്ണമായും ശുദ്ധീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.
വനിതാ-ശിശു വികസന, സാമൂഹിക ക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവിലുണ്ടായിരുന്ന ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതിക്ക് പകരമായാണ് സ്ത്രീകൾക്കായുള്ള പുതിയ ‘അന്നപൂർണ്ണ യോജന’ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 19-നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. നിലവിൽ ലക്ഷ്മി ഭണ്ഡാർ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിന്ന് മരിച്ചവർ, സ്ഥലംമാറിപ്പോയവർ, വ്യാജന്മാർ എന്നിവരെ ഒഴിവാക്കിയ ശേഷം ബാക്കിയുള്ളവരെ പുതിയ പദ്ധതിയിലേക്ക് മാറ്റും. മെയ് 25-നകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.
25 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം അപേക്ഷകർ. സ്ഥിരം സർക്കാർ ജീവനക്കാരോ ശമ്പളവും പെൻഷനും വാങ്ങുന്നവരോ ആകരുത്. ഗുണഭോക്താക്കൾ ആദായനികുതി അടയ്ക്കുന്നവരാകാനും പാടില്ല. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം ലഭിക്കും.