ന്യൂഡൽഹി: രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകുന്നതിനിടെ, ആശ്വാസകരമായ കാലാവസ്ഥാ റിപ്പോർട്ടുകളുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് രംഗത്ത്. വടക്കൻ ഇന്ത്യയിലേക്ക് വൻതോതിലുള്ള ‘വെസ്റ്റേൺ ഡിസ്റ്റർബൻസ്’ എത്തുന്നതായി കാലാവസ്ഥാ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇതോടെ വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്നും കടുത്ത ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇൻസാറ്റ്-3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം മെയ് 21-ന് പകർത്തിയ ഏറ്റവും പുതിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളിൽ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവയ്ക്ക് മുകളിലായി വ്യാപിച്ചുകിടക്കുന്ന വലിയ മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപീകരണവും ദൃശ്യമാണ്. അറബിക്കടലിൽ നിന്നുള്ള ഈർപ്പത്തിന്റെ സാന്നിധ്യവും വടക്കുകിഴക്കൻ ഇന്ത്യയ്ക്കും ബംഗാൾ ഉൾക്കടലിനും മുകളിലുള്ള മേഘരൂപീകരണവും ഇതിനൊപ്പം ചേരുന്നുണ്ട്. വടക്കൻ പാകിസ്ഥാനിലും ജമ്മു കശ്മീരിലുമാണ് നിലവിൽ ഏറ്റവും ശക്തമായ മേഘസാന്നിധ്യമുള്ളത്. ഈ വെസ്റ്റേൺ ഡിസ്റ്റർബൻസ് അറബിക്കടലിലെ ഈർപ്പവുമായി സംയോജിക്കുന്നതോടെ വരും ദിവസങ്ങളിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടായേക്കാം.
ഈ മഴ ഉഷ്ണതരംഗത്തെ പൂർണ്ണമായി ശമിപ്പിക്കില്ലെങ്കിലും, പകൽച്ചൂടിനും രാത്രികാല താപനിലയ്ക്കും വലിയ ആശ്വാസം നൽകാൻ സഹായകമാകും. അതേസമയം, അറബിക്കടലിലും തെക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷത്തിന് അനുകൂലമായ രീതിയിൽ മേഘങ്ങൾ രൂപപ്പെട്ടു തുടങ്ങുന്നതായും സൂചനകളുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വടക്കുപടിഞ്ഞാറൻ-മധ്യ ഇന്ത്യയിലെ വിവിധയിടങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിൽ തുടരുന്നത് ആശങ്ക വർധിപ്പിച്ചിരുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയിലെ ഉഷ്ണതരംഗങ്ങൾ കൂടുതൽ ദൈർഘ്യമേറിയതും കഠിനവുമായി മാറുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാത്രികളിലും അന്തരീക്ഷം തണുക്കാത്തത് മനുഷ്യശരീരത്തിന് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.