ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മേജർ അഭിലാഷ ബരാക്കിന് 2025-ലെ ‘യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ അവാർഡ്. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിൽ (യുഎൻ പീസ്കീപ്പിങ് ഫോഴ്സ്) മാതൃകാപരമായ സേവനം കാഴ്ചവെച്ചതിനാണ് ഈ ആഗോള അംഗീകാരം. നിലവിൽ ലെബനനിലെ യുഎൻ ഇടക്കാല സേനയായ ‘യുണിഫി’ൽ (UNIFIL) ഇന്ത്യൻ ബറ്റാലിയൻ വനിതാ എൻഗേജ്മെന്റ് ടീമിന്റെ കമാൻഡറായി സേവനമനുഷ്ഠിക്കുകയാണ് അഭിലാഷ ബരാക്ക്. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനാണ് ഈ നേട്ടം ഔദ്യോഗികമായി അറിയിച്ചത്.
മേയ് 29-ന് യുഎൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യുഎൻ സമാധാന സേനാംഗങ്ങളുടെ ദിനാചരണ ചടങ്ങിൽ വെച്ച് ഈ പുരസ്കാരം സമ്മാനിക്കും. ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയാണ് അഭിലാഷ ബരാക്ക്. 2019-ൽ മേജർ സുമൻ ഗവാനിയും 2023-ൽ മേജർ രാധിക സെന്നും നേരത്തെ ഈ പുരസ്കാരത്തിന് അർഹരായവരാണ്.
ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റ് എന്ന ചരിത്രനേട്ടവും ഈ സൈനിക ഉദ്യോഗസ്ഥയ്ക്ക് സ്വന്തമാണ്. ആഗോള സമാധാന ദൗത്യങ്ങളിൽ ഇന്ത്യൻ വനിതകളുടെ പങ്കും സേവനവും എത്രത്തോളം നിർണായകമാണെന്ന് തെളിയിക്കുന്നതാണ് അഭിലാഷ ബരാക്കിന് ലഭിച്ച ഈ പുതിയ അംഗീകാരം.