ന്യൂഡൽഹി: അമേരിക്കൻ ഉപരോധത്തെ തുടർന്ന് ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലകളിൽ നിന്നും ഇന്ത്യ പിന്മാറുന്നു. തുറമുഖത്തിന്റെ പൂർണ്ണ ചുമതല ഇറാനിയൻ കമ്പനിക്ക് തന്നെ കൈമാറാനാണ് ഇന്ത്യയുടെ പുതിയ നീക്കം. തുറമുഖത്തിന് യുഎസ് അനുവദിച്ചിരുന്ന ഉപരോധ ഇളവുകളുടെ കാലാവധി അവസാനിച്ചതാണ് ഈ തീരുമാനത്തിലേക്ക് കടക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.
തുറമുഖത്തിന് യുഎസ് നൽകിയിരുന്ന ഇളവുകളുടെ കാലാവധി ഏപ്രിൽ 26-ന് അവസാനിച്ചിരുന്നു. ഇതിന് പുറമെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഉപരോധവും തുറമുഖത്തിന്റെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഉപരോധത്തിൽ ഇളവ് നീട്ടിക്കിട്ടുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അമേരിക്കൻ അധികൃതരുമായി ചർച്ചകൾ നടത്തിയെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഉണ്ടായില്ല. ഇറാനുമായും അമേരിക്കയുമായും ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കിയിരുന്നു. നടത്തിപ്പ് തുടരുന്നത് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്നാണ് ഇന്ത്യയുടെ നിലവിലെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം നവംബർ മുതൽ തന്നെ ഇന്ത്യ ചാബഹാറിൽ നിന്നും തങ്ങളുടെ ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി പിൻവലിക്കാൻ തുടങ്ങിയിരുന്നു. മാത്രമല്ല, ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പദ്ധതിക്കായി പ്രത്യേക തുകയൊന്നും വകയിരുത്തിയിട്ടുമില്ല. 2003 മുതലാണ് ഇറാൻ്റെ തെക്കൻ തീരത്തുള്ള ചാബഹാർ തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യ നിർണായക പങ്കാളിയാകുന്നത്. ഇതുവരെ ഏകദേശം 12 കോടി ഡോളറാണ് ഇന്ത്യ ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്. പാക്കിസ്ഥാനെ ആശ്രയിക്കാതെ തന്നെ ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് നേരിട്ട് വ്യാപാരം സാധ്യമാക്കുക എന്നതായിരുന്നു ചാബഹാർ തുറമുഖം വഴി ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അമേരിക്കയുടെ കർശന നിലപാട് ഈ തന്ത്രപ്രധാനമായ വാണിജ്യ നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.