ലോകം:
യുഎഇക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാൻ ജാഗ്രത നിർദ്ദേശം നൽകി. ആക്രമണം പ്രതിരോധിക്കുന്നുവെന്ന് മന്ത്രാലയം പ്രതികരിച്ചു. ഇറാനിയൻ എണ്ണ ടാങ്കറിനെ ലക്ഷ്യം വെച്ചതിലൂടെ അമേരിക്ക വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ വക്താവ് പറഞ്ഞു. ഏത് ആക്രമണത്തിനും ഒരു നിമിഷം പോലും വൈകാതെ ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസിന് ഇറാന്റെ മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് യുദ്ധക്കപ്പലിനുനേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായതായി ഇറാൻ ആരോപിച്ചെങ്കിലും യുഎസ് ഇത് നിഷേധിച്ചു. ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനുനേരെ 2 മിസൈലുകൾ പ്രയോഗിച്ചതായാണ് ഇറാൻറെ വാദം. എന്നാൽ യുദ്ധക്കപ്പലിൽ മിസൈലേറ്റെന്ന വാർത്ത യുഎസ് നിഷേധിച്ചു. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പ്രവേശനകവാടത്തിൽ യുഎസ് യുദ്ധക്കപ്പലിനെ താക്കീത് നൽകി മടക്കി അയച്ചുവെന്ന് ഇറാൻ നാവികസേന അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പ്രോജക്ട് ഫ്രീഡം എന്ന പദ്ധതിയെ ഇറാൻ തള്ളിക്കളഞ്ഞു. ഇത് പ്രോജക്ട് ഡെഡ്ലോക്ക് ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പരിഹസിച്ചു. യുഎഇക്ക് നേരെ വ്യോമാക്രമണം നടത്തിയെന്ന ആരോപണം ഇറാൻ നിഷേധിച്ചു. അണുവായുധ പദ്ധതിയുമായി ബന്ധപ്പെട്ട യുറേനിയം സമ്പുഷ്ടീകരണത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ ഇറാൻ തയ്യാറായെന്നും സൂചനയുണ്ട്. ഇറാനുമായുള്ള ബന്ധത്തിൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇസ്രയേൽ സജ്ജമാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.