ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് നേതാക്കളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടു. ഇന്ത്യ-യുഎസ് ബന്ധം ക്രമാനുഗതമായി ശക്തി പ്രാപിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റൂബിയോ, ഡൽഹിയിലെ യുഎസ് എംബസി സപ്പോർട്ട് അനെക്സ് കെട്ടിടത്തിന്റെ സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം രൂപപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ പ്രാധാന്യം റൂബിയോ എടുത്തു പറഞ്ഞു. ട്രംപിന്റെ ആദ്യ ഭരണകാലത്തെ ഇന്ത്യാ സന്ദർശനത്തോടെ തുടങ്ങിയ വ്യക്തിബന്ധമാണിത്. ഇരുവർക്കുമിടയിലെ ആത്മബന്ധം വ്യക്തമായി കാണാം. നേതാക്കൾ തമ്മിലുള്ള ഇത്തരം ബന്ധങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഹ്രസ്വകാല ലക്ഷ്യങ്ങളിലല്ല, ദീർഘകാല ലക്ഷ്യങ്ങളിലാണ് ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് റൂബിയോ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മണിക്കൂറിലധികം നീണ്ട ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റൂബിയോ ഈ പ്രസ്താവന നടത്തിയത്. കൂടിക്കാഴ്ചയിൽ, പ്രസിഡന്റ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ അദ്ദേഹം ക്ഷണിച്ചു. മേഖലാ-ആഗോള സമാധാനവും സുരക്ഷയും, ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ചുമതലയേറ്റ ശേഷം മാർക്കോ റൂബിയോ നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ശനിയാഴ്ച കൊൽക്കത്തയിലെത്തിയ അദ്ദേഹം മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദർ ഹൗസ്’ സന്ദർശിച്ച ശേഷം ഡൽഹിയിലേക്ക് പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും. ആഗ്ര, ജയ്പൂർ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. നിലവിലുള്ള യുഎസ്-ഇറാൻ സംഘർഷവും അത് ആഗോള ഊർജ്ജ വിതരണത്തിലുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും ഇരുപക്ഷവും ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ട വ്യാപാര തർക്കങ്ങളും ചർച്ചകളിൽ വിഷയമാകും. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സുപ്രധാന നയതന്ത്ര നീക്കമായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്.