കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്ക് അവകാശവാദങ്ങളില്ലെന്നും ആര് മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ. തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിലുള്ള ആത്മവിശ്വാസവും യു.ഡി.എഫിന്റെ വിജയത്തിന് പിന്നിൽ ചിട്ടയായ പ്രവർത്തനവുമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഈ വിഷയത്തിൽ അഭിപ്രായ പ്രകടനത്തിനോ അവകാശവാദങ്ങൾ ഉന്നയിക്കാനോ താനില്ല. പാർട്ടി പറയുന്നതനുസരിച്ച് പ്രവർത്തിക്കും. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തു തീർത്തുവെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തിൽ പലയിടത്തും സി.പി.എം – ബി.ജെ.പി ഡീൽ നടന്നതായി അദ്ദേഹം ആരോപിച്ചു. മൂന്ന് സിറ്റിങ് സീറ്റുകളും രണ്ട് മന്ത്രിമാരുടെ സീറ്റുകളും നഷ്ടപ്പെടാൻ കാരണം ഈ ഒത്തുകളിയാണെന്ന് സംശയമുണ്ട്. ബി.ജെ.പിക്ക് വെള്ളിത്തളികയിൽ സീറ്റ് വെച്ചുനൽകിയത് സി.പി.എം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫ് നേടിയ വിജയത്തിന് പിന്നിൽ കൂട്ടായ പ്രവർത്തനമാണ്. തിരഞ്ഞെടുപ്പിൽ പുറത്ത് കണ്ടതിനേക്കാൾ പത്തിരട്ടി നിശബ്ദമായ പ്രവർത്തനമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. സർക്കാരിന്റെ വീഴ്ചകൾ വിമർശിക്കുന്നതിനൊപ്പം ജനങ്ങൾക്ക് മുന്നിൽ ബദൽ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും കഴിഞ്ഞു. സർക്കാർ പരാജയപ്പെട്ട മേഖലകളിൽ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് രാഷ്ട്രീയ വിശകലനങ്ങളും പഠനങ്ങളും നടത്തി. സി.പി.എം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സി.പി.എം കേരളത്തിൽ തകർന്നുപോകണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.