കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി മുഴക്കിയെന്ന കേസിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. നിയമപരമായും കായികപരമായും താൻ ഒപ്പമുണ്ടാകുമെന്നും മുന്നോട്ട് പോവുക എന്നുമാണ് കെ. സുധാകരൻ പ്രവർത്തകർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിന്റെ പരാതിയിൽ കെ.എസ്.യു നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ സൈബർ പോലീസ് കേസെടുത്തിരുന്നു. ഇതിൽ ഉൾപ്പെട്ട സോണി എന്ന പ്രവർത്തകനെ കെ. സുധാകരൻ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
നവകേരള സദസ്സ് ആലപ്പുഴയിൽ എത്തിയപ്പോഴുണ്ടായ സംഘർഷങ്ങളാണ് നിലവിലെ പരാതികൾക്ക് ആധാരം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചുവെന്ന് ആരോപിച്ച് കെ.എസ്.യു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെതിരെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയെന്നാണ് നിലവിലെ കേസ്. അരുൺ രാജേന്ദ്രൻ, സോണി, ടോം കുര്യാക്കോസ് എന്നിവർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ ഉൾപ്പെടെയുള്ളവർക്കെതിരെ സന്ദീപ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
ഡ്യൂട്ടിയുടെ ഭാഗമായി നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുവെന്നാണ് സന്ദീപിന്റെ പരാതി. ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ചെന്ന് കാണിച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്നും കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ നിന്ന് വധഭീഷണി നേരിടുന്നുവെന്നും ഭരണം മാറിയാൽ തല അടിച്ച് പൊട്ടിക്കുമെന്നതടക്കമുള്ള ഭീഷണികളുണ്ടെന്നും സന്ദീപ് ആരോപിക്കുന്നു. ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയാണ് സന്ദീപ് പോലീസിന് പരാതി കൈമാറിയിരിക്കുന്നത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസ് – സി.പി.ഐ.എം സൈബർ പോരിനും നിയമനടപടികൾക്കും വഴിതുറന്നിരിക്കുകയാണ്.