ഓഹരി വിപണിയിൽ റിലയൻസ് ഗ്രൂപ്പിന് മുന്നേറ്റം പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെർലിങ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി ഓഹരികളിൽ വൻ മുന്നേറ്റം പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നുവാമ ഈ ഓഹരിയിൽ ലക്ഷ്യവില ഉയർത്തിയിരിക്കുകയാണ്. പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന ഈ കമ്പനിയുടെ ഓഹരികൾ വരും നാളുകളിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയേക്കും.
നിലവിൽ 208.34 രൂപ നിരക്കിലാണ് ഈ ഓഹരിയുടെ വ്യാപാരം നടക്കുന്നത്. നുവാമയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഈ ഓഹരി 300 രൂപ എന്ന ലക്ഷ്യവിലയിലേക്ക് കുതിക്കുമെന്നാണ് പ്രവചനം. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 44 ശതമാനത്തോളം ഉയർന്നേക്കാം. എൻജിനീയറിങ്, സോളാർ പ്രോജക്ടുകൾ, ബാറ്ററി സ്റ്റോറേജ് എന്നീ മേഖലകളിൽ കമ്പനി നടത്തുന്ന മുന്നേറ്റമാണ് ഇതിന് കാരണം. നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിലും പുതിയ ഓർഡറുകൾ ലഭിക്കുന്നതിലും 15% വളർച്ചയാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. നിലവിൽ 11,800 കോടി രൂപയുടെ ഓർഡർ ബുക്കാണ് കമ്പനിക്കുള്ളത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഇത് 14,000 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 1,950 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കമ്മോഡിറ്റി വിലയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും അസംസ്കൃത വസ്തുക്കളുടെ വിലക്കുറവും, കമ്പനി നടപ്പിലാക്കിയ ചെലവ് ചുരുക്കൽ നടപടികളും ലാഭക്കണക്കുകൾ ഉയർത്താൻ സഹായിച്ചു. കമ്പനിയുടെ എബിറ്റ്ഡ പ്രവചനങ്ങൾ കാറ്റിൽപ്പറത്തി 150 കോടി രൂപ കടന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു. ഇന്ത്യയിലെ ഊർജ്ജ ആവശ്യകത വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ശക്തമായ സൊല്യൂഷനുകൾ നൽകുന്ന സ്റ്റെർലിങ് ആൻഡ് വിൽസൺ പോലെയുള്ള കമ്പനികൾ ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.